മണ്ണിൽ മരം നട്ടു
മണ്ണിനെക്കാക്കു നീ
മണ്ണു നനച്ചു
മരുപ്പച്ചയാക്കു നീ
മണ്ണ് മറക്കല്ലേ
മരം മുറിക്കല്ലേ നീ
മർത്യാ മരണത്തേ
മാടി വിളിക്കല്ലേ
മറയാതിരിക്കുവാൻ
മണ്ണ് വരളാതിരിക്കുവാൻ
മനുഷ്യ ജന്മങ്ങളേ
മരം മുറിച്ചീടല്ലേ
വിനോദ് കുമാർ ടി.വി
അവൾ..അവൾ എന്റെ എല്ലാം
പതിവിനു വിപരീതമായി കടൽക്കരയിൽ ആളൊഴിഞ്ഞ ഭാഗം നോക്കിയാണ് അയാളിരുന്നിരുന്നത്. മനസ്സിൽ ഓളം തല്ലുന്ന ഓർമ്മകൾ അയാളെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. എന്നാൽ ഭാവിയിൽ മധുരമായേക്കാവുന്ന ഓർമ്മകളിൽ അദ്ദേഹം അലിഞ്ഞു ചേർന്നിരിക്കയായിരുന്നു. ഭാര്യയും മകനും അകന്നു നില്ക്കാൻ തീരുമാനിച്ചപ്പോൾ മുതൽ അദ്ദേഹം ഭാവിയെക്കുറിച്ചു ആലോചിച്ചു വിഷമിച്ചിരിന്നു.. എന്നാൽ ഇന്ന് ഏതാണ്ട് മൂന്നര വർഷത്തിന് ശേഷവും ഭാര്യ തന്നെ മനസിലാക്കുന്നില്ല അല്ലെങ്കിൽ മനസിലാക്കുവാൻ ശ്രമിക്കുന്നു പോലുമില്ല എന്ന് മനസിലാക്കിയതുകൊണ്ടു അദ്ദേഹം ഭാര്യയെ അവളുടെ പാട്ടിനു വിടാൻ മനസാ തയ്യാറായി. മകന്റെ ഭാവിയെക്കുറിച്ചെങ്കിലും ഭാര്യ ചിന്തിക്കുന്നില്ലല്ലോ എന്നതാണ്
അദ്ദേഹത്തിന്റെ സങ്കടം. ഒന്നാലോചിച്ചാൽ...അത് തന്നെയല്ലേ നല്ലതു.. മനസിന് പൊരുത്തപ്പെടാൻ കഴിയാതെ വന്നാൽ..അല്ലെങ്കിൽ ഇഷ്ടമില്ലാത്തയാളിന്റെ കൂടെ കഴിയാൻ ആർക്കാണ് താല്പര്യമുണ്ടാവുക ? ഒരു കണക്കിന് ശരിയാണ്.. ഭാര്യയാണെങ്കിലും അവൾക്കും അവളുടേതായ താല്പര്യങ്ങളും ഇഷ്ടങ്ങളും ഉണ്ടാവില്ലേ ? അവളെ മനസിലാക്കാൻ എനിക്ക് പറ്റിയില്ല എന്നാണോ.. ഏയ്.. അല്ല.. അവൾ ?.. അവളെ കുറ്റം പറയാൻ പറ്റില്ല.. അവൾ മാനസികമായി അകലുകയായിരുന്നില്ലേ.. അവളുടെ വാക്കുകൾ..പ്രവൃത്തി..എല്ലാം അവൾ തന്നെ എന്നിൽ നിന്നും അകലുകയായിരുന്നില്ലേ.. അതെ.....
അന്നൊരു ദിവസം ചെറിയ ഒരു കാര്യത്തിന് വഴക്കടിച്ചപ്പോൾ അവളുടെ മുഖത്തെ ഭാവ മാറ്റം ഞാൻ ശ്രദ്ധി ച്ചിരുന്നു.. മോനെ താഴെ കളിയ്ക്കാൻ വിടരുത് എന്ന് അവളും വിടണമെ ന്ന് ഞാനും പറഞ്ഞതാണ് പ്രശ്നം. മോനെയും കൂടി ഞാൻ താഴെ പോയി വരുമ്പോഴേക്കും കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിച്ചു പ്രതികരിച്ചതാണവൾ..ഭാഗ്യത്തിന് താഴെ പോയ ഉടനെ തിരിച്ചു വന്നിരുന്നതുകൊണ്ടു കാണാൻ പറ്റി. ഉടനെ ആശുപത്രിയിൽ കൊണ്ട് പോയത് കൊണ്ട് അവളുടെ ജീവൻ തിരിച്ചു കിട്ടി.. അല്ലെങ്കിൽ മകന് അമ്മയില്ലാതായേനെ...അപ്പോൾ അവൾക്കു വല്ല മാനസിക പ്രശ്നങ്ങളും ഉണ്ടോ ? അതോ...വെറും ദുർവാശി ?? എന്നെ തോൽപിക്കാൻ...വേറെ എത്ര മാർഗ്ഗങ്ങളുണ്ട് ?? ഒരാണിനെ
തോൽപ്പിക്കാൻ ഏറ്റവും എളുപ്പമാർഗ്ഗം അവനെ നന്നായി സ്നേഹിക്കുക എന്നത് തന്നെയാണ്. ഏതു ആണാണ് പെണ്ണിന്റെ സ്നേഹത്തിൽ അലിയാത്തത് ? അപ്പോൾ അവൾ ചെയ്തത് വിഡ്ഢിത്തം അല്ലെ ?
പിന്നീട് കുറച്ചു കാലത്തിനു ശേഷമാണു ഈ നഗരത്തിലേക്ക് ചേക്കേറിയത്. റെയിൽവേ സ്റ്റേഷന് അടുത്ത ടവർ ബിൽഡിങ്ങിലേക്കു താമസം മാറിയിയത് അവളുടെ ഇഷ്ടത്തോട് കൂടിയായിരുന്നു. നല്ല വിശാലമായി ഫുട് പാത്തുകളുള്ള വലിയ റോഡുകളുള്ള നഗരം. നഗരത്തിന്റെ ഏറ്റവും കണ്ണായ സ്ഥലത്തു വീട്.. ഏതൊരാൾക്കും സന്തോഷിക്കാൻ പറ്റിയ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നഗരം. ജനാലയിലൂടെ പുറത്തേക്കു നോക്കിയാൽ പച്ച പിടിച്ച മലയെ നോക്കിയിരുന്നാൽ കവിത വിരിയും. അന്നൊരു നിലാവുള്ള രാത്രിയിൽ തന്റെ മടിയിൽ തല വെച്ച് കിടന്നപ്പോൾ അവൾ പറഞ്ഞതു അയാളോർത്തു. "തൊട്ടുമുന്നിൽ പച്ചപ്പാർന്ന മല, തന്റെ ജനലിനപ്പുറം നല്ല മഴ പെയ്യുന്നു. എനിക്കു കൈനീട്ടി തൊടാവുന്ന അകലെ മഴ. ഞാനും മകനും കുടിക്കുന്ന ചൂടുള്ള ചായയ്ക്കൊപ്പം മഴ എന്നിൽ വിവിധ ഭാവങ്ങളോടെ പെയ്യുന്നു. എല്ലാ ഉഷ്ണതാപങ്ങൾക്കും മേലെ നഗരത്തിലെ ഓരോ മഴയും എന്നെ സന്തോഷവതിയാക്കുന്നു."
എന്നിട്ടാണ് ഇപ്പോൾ ഇങ്ങനെ. എന്താ പറയുക.. അവൾക്കു എന്നോട് വെറുപ്പാണെങ്കിൽ ആയിക്കോട്ടെ.. പക്ഷെ..അതിനു ഒരു കാരണം വേണ്ടേ ? ആ കാരണം തെളിച്ചു പറയണ്ടേ ? അതിനു തക്ക കാരണം ഒന്നും ഇല്ലെന്നറിയാം, അവൾക്കും എനിക്കും. എന്നിട്ടും എന്തെ ഇങ്ങനെ തോന്നാൻ ? അതിനെല്ലാം കാരണം എന്റെ ജോലിയോടുള്ള അമിതമായ സ്നേഹമാവുമോ ? പക്ഷെ അത് എനിക്കും അവൾക്കും മോനും സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി തന്നെയല്ലേ..മാസങ്ങളോളം തണുത്തു മരവിക്കുന്ന കടലിനു നടുവിൽ തന്റെ യൗവന കാലം കഴിച്ചു കൂട്ടിയത്. മരവിച്ച ജീവിത സായന്തനങ്ങൾ ചെലവഴിച്ചത് അവർക്കു വേണ്ടി മാത്രമായിരുന്നില്ലേ …. അതോ..തന്റെ കണക്കു കൂട്ടലുകൾ തെറ്റായിരുന്നുവോ
കുറച്ചു നാൾ മുമ്പ് അവൾ തനിക്ക് വക്കീൽ നോട്ടീസ് അയച്ചതു അയാൾ ഓർത്തു.. വായിച്ചപ്പോൾ അമ്പരപ്പായിരുന്നു. അവൾ...അങ്ങനെ ചെയ്യുമോ...പക്ഷെ നോട്ടീസ് മുഴുവനും വായിച്ചപ്പോൾ അമ്പരപ്പ് മാറി..ഒരു തരം മൂകത അനുഭവപ്പെട്ടു.. ഞാൻ അവളെ ബുദ്ധിമുട്ടിക്കുന്നുണ്ടത്രേ...അവളെ ഉപദ്രവിക്കാറുണ്ടത്രെ... കടൽക്കാറ്റേറ്റു തളർന്നുറങ്ങുമ്പോൾ അവളെ സ്വപ്നം കാണാറുള്ള ഞാൻ അവളെ ബുദ്ധിമുട്ടിക്കുന്നുണ്ട് പോലും. വല്ലപ്പോഴും വീട്ടിൽ എത്തുമ്പോൾ സ്നേഹം കൊതിച്ചു അടുത്ത് ചെല്ലുന്ന ഞാൻ അവളെ സങ്കടപ്പെടുത്താറുണ്ടത്രെ !!! ഏതായാലും നോട്ടീസിന് മറുപടി കൊടുത്തു..അവളെ സ്നേഹിക്കാൻ മാത്രമേ ഇത്ര നാളും കൊണ്ട് തനിക്കു കഴിഞ്ഞുള്ളു എന്ന് നോട്ടീസിൽ വിശദീകരിച്ചു എഴുതി.. അവളെ തനിക്കു വേണമെന്നും.. അവളുടെ കൂടെ കഴിയാനാണ് ആഗ്രഹമെന്നും എഴുതി.. ദിവസങ്ങൾ പിന്നെയും നീങ്ങിക്കൊണ്ടിരുന്നു.
ഇടയ്ക്കിടയ്ക്ക് അവൾക്കും മോനും ഫോൺ ചെയ്യാറുണ്ടായിരുന്നു. അവൾ ഈയിടെയായി ഫോൺ അറ്റൻഡ് ചെയ്യുന്നില്ല.. അപ്പോൾ മോനെ വിളിച്ചു സംസാരിച്ചു വിവരങ്ങൾ അറിയുമായിരുന്നു. വാട്സ്ആപ്പിൽ ഇടയ്ക്കു അവർക്കു മെസ്സേജ് അയച്ചു കൊണ്ടിരുന്നു.. ഒരു ദിവസം വാട്സ്ആപ്പിൽ മകന് അയച്ച മെസ്സേജ് വായിച്ചില്ല എന്ന് കണ്ടു.. അത് പരിശോധിക്കാൻ വീണ്ടും വീണ്ടും മെസ്സേജ് അയച്ചു. പക്ഷെ അവൻ തന്നെ ബ്ലോക്ക് ചെയ്തതായി മനസിലായി.
അതിനിടയിലാണ് ഇന്ന് വീണ്ടും വക്കീൽ നോട്ടീസ് വരുന്നത്. അവൾക്കും മോനും ചെലവിന് കൊടുക്കണം എന്നും പറഞ്ഞാണ് ഇപ്പോഴത്തെ നോട്ടീസ്. അവൾക്കു മരുന്നിനും മറ്റുമായി ഇരുപത്തഞ്ചായിരവും മോന് പഠിക്കാൻ അമ്പതിനായിരവും ആണ് ആവശ്യം. ആകെ എഴുപത്തഞ്ചായിരം രൂപ മാസം അവർക്കു ചെലവിന് കൊടുക്കണം. അത്രയുമാണ് ഡിമാൻഡ് !!! ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കാൻ പലപ്പോഴായി അവളെ വിളിച്ചുവെങ്കിലും അവൾ ഫോൺ എടുക്കാതെയായി. മോനുമായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ അതും പറ്റുന്നില്ല.. എന്താണ് ചെയ്യുക...കാര്യങ്ങളെങ്ങനെയാണ് സമാധാനമായി തീർക്കുക ? ഒന്ന് നേരിട്ടു ചെന്ന് കണ്ടാൽ ചിലപ്പോൾ...പക്ഷെ അവിടെയും പ്രശ്നമാണല്ലോ. അവൾ കാണാനേ സമ്മതിക്കില്ല...പോലീസിൽ എഴുതിക്കൊടുത്തിട്ടുണ്ട് ഞാൻ അവരെ ഉപദ്രവിക്കാൻ സാധ്യതയുണ്ട്..സംരക്ഷണം വേണം എന്ന്..
ആയിടക്കാണ് നാട്ടിൽ അച്ഛനെ അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വിവരമറിഞ്ഞത്. മംഗലാപുരത്തു ഒരാഴ്ച ചികിത്സ കഴിഞ്ഞു വീട്ടിൽ വന്നു. നാലു ദിവസങ്ങൾക്കു ശേഷം വീണ്ടും അസുഖം തോന്നിയതിനാൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം നാൾ അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞു. ഭാര്യയും മോനും നഷ്ടപ്പെടുന്ന ദു:ഖത്തിന്റെ കൂടെ ഇടിത്തീ പോലെ അച്ഛന്റെ വിയോഗവും. സഹിക്കാൻ പറ്റുന്നില്ല. ഈ വിവരം പറയാൻ ഭാര്യക്ക് മെസ്സേജ് അയച്ചുവെങ്കിലും അവൾ ഒന്നു വിളിക്കുകയോ വരികയോ ചെയ്തില്ല. ഇനിയും ആർക്കു വേണ്ടിയാണ് കാത്തിരിക്കേണ്ടത് ? ഇനിയും എന്തിനാണ് എന്റെ ജീവിതം തുലച്ചു കളയുന്നത്.
അയാൾ ചിന്താമഗ്നനായി മണപ്പുറത്തു കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തെന്നില്ലാത്ത ഏകാന്തത അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ കഴിഞ്ഞ കാലത്തേ ക്കുറിച്ചു ഓരോന്ന് ഓർത്തുകൊണ്ട് അടുത്തുള്ള കരിങ്കൽ കല്ലിന്റെ മേലെ കയറി ഇരുന്നു. അസ്തമയ സൂര്യന്റെ കിരണങ്ങൾ അദ്ദേഹത്തിന്റെ മുഖത്തെ കൂടുതൽ ചുവപ്പിച്ചു.
നേരം ഇരുട്ടി തുടങ്ങി പറവകൾ ഓരോന്നായി പടിഞ്ഞാറോട്ടു തങ്ങളുടെ കൂടും തേടി മടക്ക യാത്രയായി. കിളികളുടെ കലപില ശബ്ദം അദ്ദേഹത്തിൽ ഏറെ നൊമ്പരമുണ്ടാക്കി. ഒടുവിൽ രാത്രിയുടെ അന്ത്യ യാമങ്ങളിലെപ്പോഴോ അദ്ദേഹേം തന്റെ ഓർമ്മകളെല്ലാം വെറും നൊമ്പരമാണെന്നോർത്തു, ഉറച്ച ഒരു തീരുമാനം എടുത്തുകൊണ്ടു അങ്ങകലെ നോക്കെത്താ ദൂരത്തേക്ക് കണ്ണും പായിച്ചു വേഗം നടന്നു. തന്നെ വേണ്ടാത്ത തന്നെ ഇഷ്ട്ടമല്ലാത്ത തന്നെ സ്നേഹിക്കാത്ത ഭാര്യയെയും മകനെയും ഇനിയും വെറുപ്പിക്കാതിരിക്കാൻ ജീവിതത്തിന്റെ എല്ലാ ബന്ധനങ്ങളും അവസാനിപ്പിച്ചുകൊണ്ട് നിത്യമായ ആനന്ദത്തിലേക്കു ലയിച്ചു ചേരാൻ.
വിനോദ് കുമാർ ടി വി. രാമപുരം
*തിരുവാതിര*
തിരുവാതിര
ധനുമാസത്തിൻ കുളിരായിന്ന്
വന്നല്ലോ തിരുവാതിരയും
മഹിളകളാമോദത്താലേയിന്ന്
വ്രതശുദ്ധരായ് നിലകൊണ്ടിടുന്നു
രാവിലെ, കാലത്തെഴുന്നേൽക്കുന്നു
തേവാരം നന്നായ് കഴിച്ചീടുന്നു
ചേലുള്ള വസ്ത്രമണിഞ്ഞിടുന്നു
ശ്രീ പരമേശനെ വന്ദിക്കുന്നു
ശ്രീ പരമേശനെ വന്ദിക്കുന്നു
ജീവിതമെപ്പോഴും ധന്യമാവാവാൻ
ഭക്തിയാൽ ദേവനെ കൈതൊഴുന്നു
നല്ലൊരു പാതിയെ കിട്ടീടുവാൻ
ഹൃദയത്താൽ പ്രാർത്ഥന ചെയ്തിടുന്നു
ഹൃദയത്താൽ പ്രാർത്ഥന ചെയ്തിടുന്നു
ചേമ്പും ചേനയും കാച്ചിലും ചേർത്തു പുഴുക്കുണ്ടാക്കി നിവേദിച്ചിടും
തിരുവാതിരയും പാട്ടുകളുമായി
നർത്തനമാടി രസിച്ചീടുന്നു
നർത്തനമാടി രസിച്ചീടുന്നു
വിനോദ് കുമാർ ടി വി, രാമപുരം
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...