ജീവിതമാകും നദിയിൽ നമ്മൾ
ഒരേ ദിശയിലായൊഴുകുന്നവർ
കരയിലെ കൈതച്ചെടികളിൽ തട്ടി നാം വഴിമാറിയൊഴുകുന്ന പുഴകളായി
ഇടയിലങ്ങിങ്ങായി നിൽക്കുന്ന പാറകൾ വഴികളിൽ മാറാത്ത തടസ്സമായി
ജീവിതം മുന്നോട്ടു പോകുന്ന നേരത്ത്
നേരിട്ടിടുന്നൊരാ വിഷമഘട്ടം
പലപ്പോഴുമറിയാതെ ഒഴുകുന്നു വഴിമാറി കരകയറി കരകയറിയൊഴുകിടുന്നു
ഇടയിൽ ചിലപ്പോൾ നാം സുന്ദര സ്വപ്നത്തിൽ
വിഷമങ്ങളറിയാതെ ജീവിക്കുന്നു
ഇടതടവില്ലാതെ തടസ്സങ്ങളില്ലാതെ അനസ്യൂതമൊഴുകുന്ന പുഴകളായി ജീവിത
പന്ഥാവിൽ ഏറെനേരം നമ്മൾ ഏകാകിയായിക്കഴിഞ്ഞിടുന്നു
പുഴയുമതുപോലെയൊഴുകുന്നു ഏകയായി ദിക്കറിയാതെ വിജനമായി
ജീവൻറെ യാത്രയിൽ നമ്മളും അറിയാതെ ജീവിച്ചിടുന്നൂ വിജനതയിൽ
ഒടുവിലായിപ്പുഴ ഗതിമാറി ഒഴുകിയാ അറബിക്കടലിലലിഞ്ഞിടുന്നു അതുപോലെ നമ്മുടെ ജീവിതം അവസാനമാറടിമണ്ണിൽ ലയിച്ചിടുന്നു
വിനോദ് കുമാർ ടി വി, രാമപുരം 26.05.2022-00.42 am
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ