നാട്ടിൽ, റെയിൽവേ സ്റേഷന്റെ മുന്നിലെ ഓട്ടോ സ്റാൻഡിൽ ബാഗും പിടിച്ചു നിൽക്കുമ്പോൾ, ആരാണെന്നറിയില്ല, ഒരാൾ പിറകിൽ വന്നു തോളത്തു തട്ടി. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ , കണ്ടത്, നരച്ചതാടിയുള്ള, ഏകദേശം 80-85 വയസു തോന്നിക്കുന്ന, ഒരു വൃദ്ധൻ. നന്നേ മെലിഞ്ഞ്, എല്ലും തോലും മാത്രമായി ഒരു വൃദ്ധൻ തന്റെ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നു. കീറിച്ചുളിഞ്ഞ ഒരു ഒറ്റമുണ്ട് മാത്രം ചുറ്റി, ഒരു ഭിക്ഷക്കാരന്റെ രൂപം. എന്തോ അറിയില്ല, ആ രൂപം, ഒരു പക്ഷെ എന്റെ പഴയ, ഏതോ പരിചയമുള്ള ഒരാളെപ്പോലെ തോന്നിച്ചു. കീശയിൽ നിന്നും ഒരു അഞ്ചു രൂപയെടുത്ത് അയാളുടെ കയ്യിൽ കൊടുത്തപ്പോൾ, അയാൾ അത് വാങ്ങിക്കാൻ മടിച്ചു. അതെന്താണെന്ന് ആലോചിച്ചു നിൽക്കുമ്പോൾ, എന്റെ കയ്യിലിരുന്ന വാട്ടർ ബോട്ടിൽ നോക്കി അയാൾ വെള്ളം എന്ന് ആഗ്യം കാണിച്ചു. പാവം... വിശന്നിട്ടാവും . എന്റെ കണ്ണ് നിറഞ്ഞു. ഞാൻ എന്റെ കയ്യിലുള്ള വാട്ടർ ബോട്ടിൽ അയാൾക്ക് കൊടുത്തു. പിന്നീട് മുന്നിൽ കണ്ട ഓട്ടോയിൽ കയറി, വീട്ടിലേക്കു യാത്രയായി.
ബസ്, സ്റ്റാൻഡിന്റെ ഇടതു വശത്തുള്ള റോഡിലേക്കിറങ്ങി വടക്കോട്ട് പോയി. രണ്ടാമത്തെ സ്റ്റോപ്പിലുള്ള, എന്നെ ഞാനാക്കിയത്തിൽ പരമപ്രധാനമായ പങ്കു വഹിച്ച, എന്റെ കലാലയം കടന്നപ്പോൾ, ഓർമ്മകൾ മെല്ലെ മെല്ലെ പിറകോട്ടടിച്ചു. സ്കൂൾ ജീവിതത്തിലെ മധുരതരങ്ങളായ ചില ഓർമ്മകൾ. സ്കൂളിലെ മറ്റു സഹപാഠികൾ, അധ്യാപകർ എല്ലാം ഓർമ്മയിൽ ഓടിയെത്തി. എത്ര വർഷങ്ങളായി, ഈ മനോഹരമായ എന്റെ നാട് വിട്ടിട്ട് ? എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. മലയാളം ക്ലാസ്സിലെ എന്റെ അധ്യാപകന്റെ ഓർമ്മ എന്നിലെത്തി. അന്ന് പഠിപ്പിച്ച " അമ്മയാണ് പാരിടത്തിലെന്നുമെന്റെ ദൈവം, അമ്മയേ മറക്കുമോ ജീവനുള്ള കാലം " എന്ന രണ്ടു വരി ഇപ്പോഴും ഓർക്കാറുണ്ട്. ഈശ്വരാ...!! അത്...... അത് എന്റെ നമ്പൂരി മാഷല്ലേ...??? ഇതെന്തൊരു മറിമായം ? ബസ് സ്റ്റാൻഡിൽ കണ്ട വൃദ്ധന്റെ രൂപം.... അത് തന്റെ പ്രിയപ്പെട്ട താഴത്തെ ഇല്ലത്തെ നാരായണൻ നമ്പൂതിരിയെന്ന നമ്പൂരി മാഷ് തന്നെ... അപ്പോഴാണ് ഞാനോർത്തത് അദ്ദേഹത്തിന്റെ കണ്ണിലെ വാത്സല്യം, സ്കൂൾ കാലഘട്ടത്തിൽ നമ്പൂരി മാഷിന്റെ കണ്ണിൽ കാണാറുണ്ടായിരുന്ന അതേ വാത്സല്യം. അതേ, അതേ വാത്സല്യമാണ് ബസ് സ്റ്റാൻഡിൽ ഞാൻ കണ്ട വൃദ്ധന്റെ കണ്ണിലും തിളങ്ങിക്കണ്ടത്. അത് തന്നെയല്ലേ എന്റെ കണ്ണിനെയും ഈറനണിയിച്ചത് ?
അപ്പോഴേക്കും ഓട്ടോ എന്റെ വീടിന്റെ മുന്നിലെത്തിയിരുന്നു. ഓട്ടോയിൽ നിന്നും ഇറങ്ങുമ്പോഴേക്കും അമ്മയെത്തന്നെ വാതിൽക്കൽ കണ്ടു. ബസ് സ്റ്റാൻഡിൽ കണ്ടത് സത്യമാവല്ലേ എന്ന് പ്രാർഥിച്ചു കൊണ്ട്, ഉടനെത്തന്നെ നമ്പൂരി മാഷിനെപ്പറ്റി ചോദിച്ചു. പക്ഷെ..... അമ്മ അത് സ്ഥിരീകരിച്ചു.. അത് നമ്പൂരി മാഷ് തന്നെ. അമ്മയുടെ കണ്ണിലും അപ്പോൾ അതേ വാത്സല്യം. നീണ്ട ഇരുപത്തഞ്ച് വർഷങ്ങളായി കാണാത്ത പരിഭവവും പരാതിയുമെല്ലാം അമ്മയുടെ വാത്സല്യം നിറഞ്ഞ വാക്കിലും നോട്ടത്തിലും എല്ലാം എനിക്കനുഭവിക്കാനായി..
വിനോദ് കുമാർ ടി വി, രാമപുരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ